Journey With the Rosaries


About Preecy Rosary Audio

"Rosary as an outstanding way to contemplate the face and mysteries of Christ."

(Pope John Paul II)

Sunday Shalom

Friday, 28 March 2014 12:26
കെയ്റ്റർ കുടുംബത്തിന്റെ മരിയഭക്തിക്ക് പാപ്പായുടെ കയ്യൊപ്പ്
Written by സാബു ജോസ്

എറണാകുളം: നോർത്ത് പറവൂരിലെ പുതിയവീട്ടിൽ സാബു കെയ്റ്ററും കുടുംബവും ഫ്രാൻസിസ് മാർപാപ്പയുടെ കയ്യൊപ്പിട്ട ചിത്രവും കൊന്തയും സ്വർണനിറമുള്ള നാണയവും കത്തും ലഭിച്ച ആഹ്ലാദത്തിലാണ്.
ഫ്രാൻസിസ് മാർപാപ്പായുടെ പ്രവർത്തനങ്ങളിലും പ്രസംഗങ്ങളിലും ആകർഷിതനായ സാബു ജനുവരി 15 ന് പാപ്പായ്ക്ക് കത്തയച്ചിരുന്നു. കുടുംബമൊന്നിച്ച് നടത്തിവരുന്ന ജപമാല എക്‌സിബിഷന്റെ പത്തു ചിത്രങ്ങളും പത്രങ്ങളിൽ വന്ന വാർത്തയുടെ കോപ്പികളും അയച്ച കത്തിൽ ഉൾപ്പെടുത്തിയിരുന്നു. രണ്ട് കത്തുകളാണ് ഇങ്ങനെ അയച്ചത്. ഒരു കത്ത് ന്യൂൺഷ്യോക്കും അതേ കവറിൽ മറ്റൊരു കത്ത് ഫ്രാൻസിസ് പാപ്പായ്ക്കും.
ഇക്കഴിഞ്ഞ ഫെബ്രുവരി 25 ന് അപ്രതീക്ഷിതമായി സാധാരണ തപാലിൽ ഒരു കവർ അവർക്ക് ലഭിച്ചു. സിൽവർ കുരിശുമുള്ള മനോഹരമായ കൊന്തയും, സ്വർണ്ണക്കളറുള്ള നാണയത്തിന്റെ ഒരു വശത്ത് മാതാവിന്റെ ചിത്രവും മറുവശത്ത് പാപ്പായുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു. ഒപ്പം പാപ്പാ ഒപ്പിട്ട ചിത്രവും അടങ്ങുന്നതായിരുന്നു കവർ. പാപ്പായുടെ ആശീർവാദവും സ്‌നേഹാന്വേഷണങ്ങളും അറിയിക്കുന്നതായി മോൺ. പീറ്റർ ബി. വെൽസ് എഴുതിയ കത്തും ഇതോടൊപ്പം ഉണ്ട്.
വർഷത്തിൽ രണ്ടുമാസം മാത്രം നടത്തിയിരുന്ന ജപമാല എക്‌സിബിഷൻ ഇനി എല്ലാമാസവും നടത്തുവാനാണ് സാബുവിന്റെ ഇനിയുളള തീരുമാനം. ഇതിനായി ജപമാല സ്ഥിരമായി ചൊല്ലുന്ന പത്തുലക്ഷം കുടുംബങ്ങളുടെ കൂട്ടായ്മ സജീവമാക്കാനുളള ശ്രമത്തിലാണ് സാബു കെയ്റ്റർ. 'ജപമാല ചൊല്ലി കുടുംബങ്ങൾ വിശുദ്ധീകരിക്കപ്പെടണം. പരിശുദ്ധ മാതാവിനെക്കുറിച്ച് എല്ലാവരും അറിയണം. കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കപ്പെടണം.'സാബു പറയുന്നു.
''ഞാൻ ഏറെ സ്‌നേഹിച്ചിരുന്ന അപ്പൂപ്പൻ പി.സി.ഫ്രാൻസിസ് മരണമടഞ്ഞപ്പോൾ എനിക്ക് 15 വയസ്. അപ്പൂപ്പന്റെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ ജപമാലയും കുരിശും ഞാൻ സൂക്ഷിച്ചു. അമ്മൂമ്മ ഉപയോഗിച്ച കൊന്തയും എനിക്ക് ലഭിച്ചു. 59 മണികളിലും വിശുദ്ധരുടെ തിരുശേഷിപ്പുകൾ അടക്കം ചെയ്ത ഈ കൊന്ത അട്ടിപ്പേറ്റി പിതാവ് അമ്മൂമ്മയ്ക്ക് സമ്മാനമായി കൊടുത്തതാണ്. അങ്ങനെയായിരുന്നു ജപമാലയുമായി ഭാരതമെങ്ങും പോകാനിടയാകുന്നത്;'' സാബു പറഞ്ഞു.
1995 ൽ സാബുവിന്റെ വിവാഹം നടന്നു. ജപമാല ഭക്തിയും ശേഖരണവും മനസിലാക്കിയ ഭാര്യ ബെനീറ്റ പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ് പിന്നീട് ശേഖരം വർധിച്ചതും എക്‌സിബിഷനുകൾ വർധിച്ചതും. ഇപ്പോൾ ആവശ്യപ്പെടുന്ന ഏതു സ്ഥലത്തും ജപമാല ശേഖരവുമായി ഈ കുടുംബം എത്തും. മാർപാപ്പാമാരുടെ കൊന്തകൾക്കൊപ്പം 65 രാജ്യങ്ങളിൽ നിന്നുള്ള ജപമാലകളുണ്ട്. 200 ൽ അധികം വർഷങ്ങൾ പഴക്കമുള്ള ജപമാലകൾ വേറെയും. സ്വർണത്തിലും മുത്തിലും പവിഴത്തിലും ചെമ്പിലും സ്റ്റീലിലും രത്‌നങ്ങളിലും ചന്ദനത്തിലും ഒലിവു തടിയിലും തുളസിയിലും ചകിരിനാരിലും തീർത്ത മനോഹരമായ ജപമാലകൾ ഇവർ സൂക്ഷിക്കുന്നു.
ലൂർദ്, ഫാത്തിമ, ക്രിബേഹൊ, നോക്ക് എന്നീ സ്ഥലങ്ങളിൽനിന്നുള്ള ജപമാലയുമുണ്ട്. റോസറി ഓഫ് അൺബോൺ, ക്രെഡിറ്റ് കാർഡ് റോസറി, ബ്രേസ്‌ലേറ്റ് റോസറി, ബ്രാച്ച് റോസറി തുടങ്ങിയ വ്യത്യസ്ത ഇനങ്ങൾ വേറെ.
പച്ച നിറത്തിലുളള ഐറീഷ് റോസറി, കുരിശിന്റെ വഴി രേഖപ്പെടുത്തിയ ജപമാല, രാത്രിയിൽ പ്രകാശിപ്പിക്കുന്ന റേഡിയം റോസറി, അഞ്ച് ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്ന കോണ്ടിനെന്റൽ റോസറി, വത്തിക്കാനിലെ നാലു ബസലിക്കകൾ ചിത്രീകരിച്ചിട്ടുള്ള ജപമാലകൾ, ജോൺ പോൾ രണ്ടാമന്റെ രൂപം കൊത്തിയിട്ടുള്ള ജപമാല, കാരുണ്യനാഥന്റെ ചിത്രം കൊത്തിയ ജപമാല, ഗ്വാഡാലോപ്പ റോസറി, സെന്റ് ഫ്രാൻസിസ് അസീസി റോസറി, സെന്റ് ബനഡിക്ട് റോസറി, വേൾഡ് മിഷൻ റോസറി, പഴയതും വ്യത്യസ്തവുമായ വ്യാകുല ജപമാലകൾ, ഹോളി കമ്യൂണിയൻ റോസറി തുടങ്ങി ഒട്ടനവധി സവിശേഷതകളുള്ള ശേഖരമാണിത്.
വത്തിക്കാനിൽനിന്ന് കൊണ്ടുവന്ന 300 ൽ പരം വ്യത്യസ്തമായ ജപമാലകളുമുണ്ട്. ഇവയുടെ മൂല്യം നിർണയിക്കുക അസാധ്യമാണ്. 800 ൽ അധികം വൈദികരും 3000 ൽ അധികം സന്യാസിനികളും 300 ൽ അധികം മെത്രാന്മാരും കൊന്തകൾ സമ്മാനമായി നൽകിയിട്ടുണ്ടെന്നും സാബു പറയുന്നു.
കോട്ടപ്പുറം രൂപതയിലെ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗമാണ് സാബു കെയ്റ്റർ. 2009 ഒക്‌ടോബർ 31 ന് പറവൂർ ഡോൺബോസ്‌കോ പള്ളിയിലായിരുന്നു ആദ്യ എക്‌സിബിഷൻ. പിന്നീട് പള്ളിപ്പുറം പള്ളിയിലും തുടർന്ന് ചാലക്കുടിയിലും. ചാലക്കുടിക്കുശേഷം വളരെ വേഗം ഇവരുടെ പ്രവർത്തനങ്ങൾ വ്യാപകമായി. 2011 ൽ ശാലോം ടിവിയിൽ 'ജപമാലകളിലൂടെ 'എന്ന പേരിൽ വന്ന പ്രത്യേക പരിപാടിയാണ് പ്രവർത്തനങ്ങൾക്ക് പ്രചോദനവും പ്രചാരവുമായി മാറിയതെന്നും സാബു സാക്ഷ്യപ്പെടുത്തുന്നു. ഓരോ എക്‌സിബിഷനും കുറഞ്ഞത് 5000 പേരെെങ്കിലും സന്ദർശിക്കാറുണ്ട്. ജപമാല, പരിശുദ്ധ മാതാവ്, കത്തോലിക്കാ വിശ്വാസം എന്നിവയെക്കുറിച്ചെല്ലാം അവിടെ വിശദീകരിക്കുവാൻ സാബു ഒരുക്കമാണ്. പെന്തക്കോസ്തുകാർ അടക്കം പരിശുദ്ധ കന്യാമറിയത്തെക്കുറിച്ച് പറഞ്ഞ നല്ല അനുഭവങ്ങളും ഇവർക്കുണ്ട്. ഒരിക്കലും ജപമാല ചൊല്ലാത്തവരും സ്വന്തമായി ജപമാല ഇല്ലാത്തവരും എക്‌സിബിഷൻ കഴിഞ്ഞ് ജപമാല വാങ്ങിയതായി കേട്ടിട്ടുണ്ട്.
''പരിശുദ്ധ അമ്മയെ സ്വന്തം അമ്മയെപ്പോലെ സ്വീകരിച്ച ഞങ്ങൾ അമ്മയോടുള്ള ഭക്തിസൂചകമായി ഈ ജപമാലകൾ സൂക്ഷിക്കുന്നു. ജപമാലഭക്തി എല്ലാ വിശ്വാസികൾക്കും പകർന്നു നൽകേണ്ടത് ഓരോ മരിയഭക്തന്റെയും കടമയാണ്. ലോകമെങ്ങുമുള്ള മനുഷ്യർ ഈ ജപമാല ഭക്തിയിൽ ജീവിക്കുവാനും അതിന്റെ പ്രാധാന്യം മനസിലാക്കുവാനും ജപമാലദർശനം വഴി സാധിക്കുമെന്ന് സാബു പറയുന്നു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ, ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ തുടങ്ങി നിരവധി മെത്രാന്മാർ ജപമാല നൽകി ഈ കുടുംബത്തിന് പ്രോത്സാഹനം നൽകിയിട്ടുണ്ട്. ഏപ്രിൽ അവസാനം തിരുവനന്തപുരത്ത് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ എക്‌സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.
32 തരം ബോക്‌സുകളിലാക്കി നാലാക്കി തരം തിരിച്ചാണ് എക്‌സിബിഷന് കൊന്തകൾ കൊണ്ടുപോകുന്നത്. 8000 ത്തോളം കൊന്തകളാണ് ഓരോ വിഭാഗത്തിലുമുള്ളത്. എക്‌സിബിഷന് മുമ്പ് ഈ കുടുംബം നന്നായി പ്രാർത്ഥിച്ച് ഒരുങ്ങുന്നു. പ്രദർശനം എവിടെയെങ്കിലും ബുക്ക് ചെയ്താൽ അന്നുമുതൽ, സംഘാടകർക്കും സന്ദർശിക്കുന്നവർക്കുമായി ജപമാല ചൊല്ലി പ്രാർത്ഥിക്കും. ആദ്യകാലത്ത് ഒരു കൗതുകമായി ആരംഭിച്ച ശേഖരണം, പിന്നീട് വിജ്ഞാനത്തിനുള്ളതായി മാറി. എന്നാൽ ഇപ്പോൾ വിശ്വാസപ്രഘോഷണത്തിനും മധ്യസ്ഥ പ്രാർത്ഥനാ പ്രചോദനത്തിനുമുള്ള വേദിയും അവസരവുമായിട്ടാണ് ഇവർ എക്‌സിബിഷനെ കാണുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 09847759679, 09037788678.


shalomonline.net